ലണ്ടന്‍: മാഞ്ചസ്റ്റര്‍ അറീനയിലെ സ്‌ഫോടനത്തിനു ശേഷമുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഫോറന്‍സിക് ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പോലീസ്. ഇത്തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത് അന്വേഷണത്തെ ബാധിക്കുമെന്നും നീതി ലഭിക്കുമെന്ന ഇരകളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. സ്‌ഫോടനം നടത്തിയ ചാവേര്‍ അക്രമി സല്‍മാന്‍ അബേദി ഉപയോഗിച്ച ഡിറ്റനേറ്റര്‍, ബാഗ് മുതലായവയുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇന്റലിജന്‍സ് വിവരങ്ങള്‍ യുകെ അധികൃതര്‍ പുറത്തുവിടുന്നതിനു മുമ്പായി ചോര്‍ന്നതില്‍ ഹോം സെക്രട്ടറി ആംബര്‍ റൂഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആംബര്‍ റൂഡ് അമേരിക്കന്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇന്റലിജന്‍സ്, നിയമപാലന, സുരക്ഷാ സഹകരണമുള്ള രാജ്യങ്ങളുമായുള്ള വിശ്വാസവും ബന്ധവും തങ്ങള്‍ ഏറെ വിലമതിക്കുന്നുണ്ടെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ പ്രതികരിച്ചു.

ഈ ബന്ധവും സഹകരണവുമാണ് തീവ്രവാദത്തെ ഇല്ലാതാക്കാനും സാധാരണക്കാരെ രാജ്യത്തും വിദേശത്തും സംരക്ഷിക്കാനും സഹായിക്കുന്നത്. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതും ഈ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. ഈ വിശ്വാസം ഇല്ലാതാകുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നും അന്വേഷണത്തെത്തന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്‍കുന്ന സന്ദേശം. തീവ്രവാദികള്‍ക്കെതിരായ അന്വേഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നതെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.