ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കു താഴെ മഞ്ഞുരുകി ഒരു വമ്പൻ നദി രൂപപ്പെട്ടതായി ഗവേഷകർ. ജപ്പാനിലെ ഹൊക്കൈഡോ സർവകലാശാലയിലെ ഗവേഷകരാണ് ലഭ്യമായ ഡേറ്റ ഉപയോഗിച്ച് വിശകലനം നടത്തിയിരിക്കുന്നത്. ഇരുണ്ട നദി അഥവാ ഡാർക്ക് റിവർ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. നദിക്ക് ഏകദേശം 1000 കിലോമീറ്റർ നീളമുണ്ടാകുമെന്നാണ് നിഗമനം.
ഗ്രീൻലന്‍ഡിനു താഴെ അഗാധതയിൽനിന്ന് ആരംഭിക്കുന്ന നദി അവസാനിക്കുക ദ്വീപിന് വടക്കു പടിഞ്ഞാറായുള്ള പീറ്റർമാൻ ഉൾക്കടലിൽ ആയിരിക്കും. അതായത് ഗ്രീൻലൻഡിലെ മഞ്ഞ് അസാധാരണമായി ഉരുകിയാൽ അത് ഉൾക്കടലിൽ ജലനിരപ്പ് ഉയരാൻ കാരണമാകും. അത്തരമൊരു പ്രതിഭാസം സംഭവിക്കുന്നുണ്ടോയെന്നും ഇനി പരിശോധിക്കേണ്ടി വരും. അതുൾപ്പെടെയുള്ള കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ഡാർക്ക് റിവറിന്റെ നിലനിൽപ് സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.
ഗ്രീന്‍ലൻഡിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ വിമാനം പറത്തി റഡാർ ഡേറ്റ വർഷങ്ങളായി ഗവേഷകർ ശേഖരിക്കുന്നുണ്ട്. അങ്ങനെയാണ് മഞ്ഞുപാളികൾക്കു താഴെ നീർച്ചാലുകൾക്ക് സമാനമായ ഭാഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ഇവിടെ ദ്രവരൂപത്തിലുള്ള വെള്ളമാണോ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. മാത്രവുമല്ല ഈ നീർച്ചാലുകൾ ചെറിയ പോക്കറ്റുകളായിട്ടായിരുന്നു കണ്ടത്. അതായത് ഒന്ന് മറ്റൊന്നിനോടു ചേർന്നിരുന്നില്ല. എന്നാൽ റഡാർ ഡേറ്റ പൂർണമല്ലെന്നു തിരിച്ചറിഞ്ഞ ഹൊക്കൈഡോ സർവകലാശാലയിലെ ഐസ് ഷീറ്റ് മോഡലർ ക്രിസ്റ്റഫർ ചേംബേഴ്സാണ് ഇരുണ്ട നദിയുടെ സാധ്യതയെക്കുറിച്ച് ഗവേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.
Leave a Reply