അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തം. എല്ലാ രാജ്യങ്ങളുടെയും സമസ്തമേഖലകളെയും പ്രതിസന്ധിയിലാക്കിയ കോവിഡ് -19 നെ കുറിച്ച് ഇങ്ങനെയാവും ചരിത്രം രേഖപ്പെടുത്തുക. മഹാമാരിയുടെ ദുരിതത്തിലും വേർപാടുകളുടെ കണ്ണീരിനിടയിലും മാനവരാശിയുടെ പ്രത്യാശയുടെയും കനിവിൻെറയും പൊൻകിരണങ്ങളാകുക നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥ സേവനങ്ങളായിരിക്കും.
യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക രാജ്യങ്ങളിലെയും നഴ്സിങ് മേഖലയിൽ കനിവിൻെറയും സ്വാന്തനത്തിൻെറയും സ്നേഹ സ്പർശമായി മലയാളി മാലാഖമാരുണ്ട്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങളിൽ മലയാളി നേഴ്സുമാരുടെ പ്രാഗത്ഭ്യത്തെകുറിച്ചും പരിചരണത്തെകുറിച്ചും കനിവിനെകുറിച്ചുമുള്ള വാർത്തകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും പുതിയതായി യുകെയിലെ മലയാളി നേഴ്സുമാരുടെ അർപ്പണ മനോഭാവത്തെകുറിച്ച് വാർത്ത നൽകിയിരിക്കുന്നത് ബിബിസി ലങ്കാഷെയർ റേഡിയോ ആണ്. സെൻറ് ആൻഡ്രൂസ് ഹൗസിലെ മലയാളി നഴ്സുമാരുടെ പ്രവർത്തന മികവാണ് വാർത്തയ്ക്ക് നിദാനം. സെൻറ് ആൻഡ്രൂസ് ഹൗസിലെ 46 സ്റ്റാഫുകളിൽ പത്തുപേരും മലയാളികളാണ്. കോവിഡ് -19 ൻെറ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യത്തിലും വീട്ടിൽ പോകാതെ കാരവനിലൊക്കെ താമസിച്ച് രോഗീപരിചരണത്തിൻെറ ഉദാത്ത മാതൃകയായതിനെയാണ് ബിബിസി റേഡിയോ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വർഷങ്ങളായി സെൻറ് ആൻഡ്രൂസ് ഹൗസിന് നേഴ്സുമാരെ നൽകുന്നത് മലയാളികളുടെ നേതൃത്വത്തിൽ നടത്തുന്ന വെൽകെയർ ഏജൻസി ആണ്.
കോവിഡ് -19 ൻെറ തീവ്രത കൂടുമ്പോൾ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദങ്ങൾ ഏറ്റുവാങ്ങുന്നത് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. തങ്ങൾക്ക് മാത്രമല്ല തങ്ങളിലൂടെ മറ്റുള്ളവർക്കും രോഗം പടർന്നേക്കാമെന്ന ആശങ്കയിലാണ് ഓരോ ആരോഗ്യപ്രവർത്തകരും ജോലിചെയ്യുന്നത്. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമായുണ്ട്.
പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചപ്പോൾ നഴ്സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല . യുകെയിൽ ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ് നൽകിയത് . യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരാണ്. അതിനാൽ തന്നെ നേഴ്സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തി ഉളവാക്കിയിരുന്നു.
Leave a Reply