ലീഡ്‌സ്/ വെയിക്ഫീൽഡ്: ഇരട്ടി നൊമ്പരമായി യുകെ  പ്രവാസി മലയാളികൾ. ഇന്ന് ഉച്ചക്ക് മരിച്ച ചിചെസ്റ്റർ മലയാളി നഴ്‌സായ റെജി ജോണി മരിച്ച വാർത്ത യുകെ മലയാളികൾ അറിഞ്ഞു വരുന്നതിനകം തന്നെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) മരണവാർത്ത അക്ഷരാർത്ഥത്തിൽ  സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഠിന ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 7.45pm ന്  ചികിത്സയിൽ ഇരിക്കെ മഞ്ജുഷ് മാണി വിടപറഞ്ഞത്. ഇവിടെയും വില്ലൻ ക്യാൻസർ തന്നെ.

ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്‌ളാസ്സിലും പഠിക്കുന്നു.

യുകെയിലെ തന്നെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് പരേതൻ ജോലി ചെയ്‌തിരുന്നത്‌. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്‌വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും  കൃത്യമായി ചെയ്‌തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.

എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ലീഡ്‌സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.

പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. പരേതന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.