സ്വന്തം ലേഖകൻ
ഇന്ത്യൻ സമ്പദ്ഘടന തകർന്നു തരിപ്പണമാവുകയും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് ഏറ്റവുമധികം വളർച്ച കൈവരിച്ചതും, പണക്കൊഴുപ്പിൽ മുങ്ങിക്കുളിച്ചതും രണ്ട് വ്യക്തികളായിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നു. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരാണ് ഇപ്പോൾ രാജ്യത്തെ സമ്പദ്ഘടനയെ അടക്കിവാഴുന്നത്. തുറമുഖങ്ങൾ, എണ്ണപ്പാടങ്ങൾ, ഭക്ഷണ വ്യവസായം എന്നിവയിൽ വമ്പിച്ച മേൽക്കൈയുള്ള ഗൗതം അദാനിയുടെ ആസ്തി ഇരട്ടിച്ച് 32 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എണ്ണ സംസ്കരണം, ടെലികോംസ് ആൻഡ് റീടൈൽ തുടങ്ങി ഒരുപിടി മേഖലകളിൽ കയ്യൂക്കുള്ള മുകേഷ് അംബാനിയുടെ ആസ്തി 25% ഇരട്ടിച്ച് 75 ബില്യൻ ഡോളറിന്റെ വർദ്ധനവുണ്ടായി. റഷ്യ പോലെയുള്ള മറ്റ് രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള ഒരു ശതമാനം വ്യക്തികളുടെ ആസ്തി മാത്രം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 21.4 % വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രെഡിറ്റ് സിയുസ് എന്ന് ബാങ്ക് ചൈനയിലെയും അമേരിക്കയിലേയും സമ്പന്നരെ പിന്തള്ളി തങ്ങളുടെ 39% ഷെയറും ഇന്ത്യൻ സമ്പന്നരിൽ നിക്ഷേപിക്കുന്നു. തങ്ങളുടെ മേഖലയിലുള്ള മറ്റ് ചെറിയ സംരംഭകരെയും, കമ്പനികളെയും തകർത്തെറിഞ്ഞാണ് ഇവർ ഈ ഇന്ത്യൻ കമ്പനികൾ നേട്ടം കൈവരിക്കുന്നത്. മത്സര രംഗത്തുള്ളവരെ ഇല്ലാതാക്കുകയോ, മുഴുവനായും വിലയ്ക്ക് എടുക്കുകയോ ചെയ്താണ് ഇവർ സമ്പദ്വ്യവസ്ഥയുടെ സിംഹ ഭാഗവും കൈപ്പിടിയിൽ ഒതുക്കുന്നത്. അതേസമയം അവിശ്വസനീയമായ ഈ വളർച്ച, ഇന്ത്യയിൽ കൂടുതൽ തൊഴിൽ സാധ്യതകളോ, ഉത്പാദനത്തിൽ വർദ്ധനവോ, സാങ്കേതികവിദ്യയിലെ മെച്ചമോ, പുതിയ മാർക്കറ്റുകൾ തുറക്കാനുള്ള സാധ്യതകളോ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാർസെല്ലസ് ഡാറ്റ കലക്ഷൻ പ്രകാരം ഇന്ത്യയിൽ പത്ത് വർഷം മുൻപ് ഉണ്ടായിരുന്ന ഇരുപതോളം മികച്ച സ്ഥാപനങ്ങൾ ഒന്നും തന്നെ ഇപ്പോഴുള്ള ലാഭത്തിന്റെ മൂന്നിലൊന്ന് ശതമാനംപോലും നേടുന്നില്ല. കൃഷ്ണകാന്ത് എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ പഠനത്തിൽ 2014നും 2018നും ഇടയിൽ ഏവിയേഷൻ മുതൽ ടയർ വരെയുള്ള പത്തോളം വ്യവസായങ്ങളിൽ മത്സരം തീരെ കുറഞ്ഞു. ഇന്ത്യൻ മാർക്കറ്റിന്റെ ഏറിയപങ്കും കുത്തക മുതലാളിമാരുടെ കൈപ്പിടിയിൽ ആണെന്ന് ഡൽഹി ഐഐടിയിലെ രോഹിത് ചന്ദ്രയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല മത്സരരംഗത്ത് നിലവിലുണ്ടായിരുന്ന പല കമ്പനികളും തകർന്നടിയുകയും ചെയ്തു.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ 36 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപം ഉണ്ടായി എന്ന് ഗവൺമെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഫെയ്സ്ബുക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ ഉൾപ്പെടെ അംബാനിക്കും അദാനിക്കും മാത്രമാണ് നിക്ഷേപം നൽകിയിട്ടുള്ളത്.
പെട്രോ കെമിക്കലുകളിൽ നിന്ന് വമ്പിച്ച ആദായമുണ്ടാക്കുന്ന അംബാനി 2016ൽ പുതിയ ടെലികോം സംരംഭവുമായി മൊബൈൽഫോൺ മാർക്കറ്റിൽ പിടിമുറുക്കി. ഏതാണ്ട് അതേ സമയത്താണ് ഇന്ത്യൻ ഗവൺമെന്റ് രാജ്യത്തെ 86 ശതമാനത്തോളം വരുന്ന പേപ്പർ കറൻസികൾ പിൻവലിച്ചത്. ഗാർഹിക വരുമാനത്തിൽ വൻ ഇടിവുണ്ടായ സാധാരണക്കാർക്ക് ചെലവ് ചുരുക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വന്നു, അങ്ങനെയാണ് അംബാനിയുടെ ഫ്രീ സർവീസിന് ആവശ്യക്കാർ ഏറിയത്, ഇതേ സമയത്ത് ഈ മേഖലയിലെ എതിരാളികളായ മറ്റ് കമ്പനികൾക്ക് കൂടുതൽ ടാക്സുകളും, നിയമ നടപടികളും നേരിടേണ്ടി വന്നതും യാദൃശ്ചികമല്ല.
ഇന്ത്യയിലെ തുറമുഖങ്ങളുടെ കാൽ പങ്കും ഉടമസ്ഥതയിലുള്ള അദാനി പുതുതായി ആറ്, അൻപത് വർഷ എയർപോർട്ട് മാനേജ്മെന്റ് കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയിൽ തിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ എയർപോർട്ടിന്റെ 74 ശതമാനം വിഹിതവും അദാനി വാങ്ങി. നിരവധി സോളാർ പ്രോജക്റ്റുകൾക്കായി ഗവൺമെന്റ്ന്റെ 6 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പിടുകയും ചെയ്തു. ഈ മാർച്ചോടെ അദാനി ഗ്രീൻ എനർജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡ് 10 മടങ്ങായി വർദ്ധിക്കുകയും ചെയ്തു. ഈ കമ്പനികൾക്ക് ഉണ്ടായ വളർച്ചകൾ സ്വന്തം അധ്വാനത്തിന്റെ മാത്രം ഫലമല്ലെന്നും, ഗവൺമെന്റ് ഒത്തുകളിച്ചു നടത്തിയ നാടകങ്ങളുടെ അനന്തരമാണെന്നും തെളിവുകൾ ലഭ്യമാണ്. കോവിഡ് മഹാമാരിക്ക് മുൻപ് ഇന്ത്യയിൽ 40% പേർക്കുമാത്രമാണ് നിത്യ വേതനം ഉണ്ടായിരുന്നത്. ഇപ്പോൾ അത് 36 ശതമാനമായി കുറഞ്ഞു. വീട്ടമ്മമാർ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആൾക്കാർ, ഇന്ത്യയിലെ നിലവിലുള്ള സാഹചര്യത്തിൽ ജോലിക്ക് ശ്രമിച്ചിട്ട് പോലും കാര്യമില്ല എന്ന് മനസ്സിലാക്കുന്നതായി സമ്മതിച്ചിട്ടുണ്ട്.
Leave a Reply