ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക്ക്ഡൗൺ അവസാനിച്ച് 13 ദിനങ്ങൾ പിന്നിടുമ്പോഴും യുകെയിലെ രോഗവ്യാപനത്തിൻെറ തോതിൽ കുറവ് വരാത്തതിലുള്ള ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ടയർ -2, ടയർ -3 നിയന്ത്രണ പരിധിയിലാണെങ്കിലും ജനങ്ങൾ കോവിഡ് നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല എന്ന് പരാതിയും വ്യാപകമായി ഉണ്ട്. നിയന്ത്രണങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധവും രാജ്യത്തുടനീളം ശക്തമാണ്.
ജനങ്ങളുടെ പ്രതിഷേധത്തിൻെറ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഗവൺമെൻറ് ക്രിസ്മസ് കാലയളവിലെ അഞ്ചുദിവസത്തെ ഇളവുകൾ അനുവദിച്ചത്. എന്നാൽ ക്രിസ്മസ് കാലയളവിലെ ഇളവുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് യുകെയിലെ രണ്ട് പ്രമുഖ മെഡിക്കൽ ജേണലുകൾ നൽകുന്നത്. ക്രിസ്മസ് കാലയളവിൽ ഇളവുകൾ നിരവധി പേരുടെ ജീവനെടുക്കുന്ന തീരുമാനം ആണെന്നാണ് ജേണലിലെ എഡിറ്റർമാർ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി പേരുടെ ജീവൻ അപകടത്തിൽ ആക്കുന്ന തെറ്റായ തീരുമാനത്തിലേക്ക് ആണ് ഗവൺമെൻറ് പോകുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി ക്രിസ്മസ് നിയമങ്ങളെ വിമർശിക്കുന്ന സംയുക്ത ലേഖനത്തിൽ ഹെൽത്ത് സർവീസ് ജേണലിലെയും ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെയും എഡിറ്റർമാർ എഴുതി.
എന്നാൽ ക്രിസ്മസ് നിയമങ്ങളും നിയന്ത്രണങ്ങളും നിരന്തരമായ പുനരവലോകനത്തിന് വിധേയമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ക്രിസ്മസ് നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി യോഗം വിളിക്കണമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ന്യായീകരിക്കാനാവില്ല എന്നാണ് വെയിൽസിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെട്ടത്.
അഞ്ചുദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ച സമയത്ത് ക്രിസ്മസ് കാലയളവിൽ രോഗവ്യാപന തോതിൽ ഗണ്യമായ കുറവുണ്ടാകും എന്നായിരുന്നു ഭരണനേതൃത്വത്തിൻെറ പ്രതീക്ഷ. ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും ആദ്യം വാക്സിനേഷൻ ആരംഭിച്ചു എന്ന അഭിമാനിക്കാവുന്ന നേട്ടം കൊയ്യാനും യുകെയ്ക്കായി. എന്നാൽ ഇതിനെല്ലാം അപ്പുറം ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങൾ കഴിയുമ്പോൾ രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുമോ എന്ന് ആശങ്കയിലാണ് യുകെയിൽ ഉടനീളമുള്ള ആരോഗ്യവിദഗ്ധർ.
Leave a Reply