രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ മാത്രം സ്വീകരിച്ചവർക്ക് കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോൺ വൈറസിൽ നിന്ന് മതിയായ സംരക്ഷണം ലഭിക്കില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. മൂന്നാമത്തെ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ച 75 ശതമാനം ആൾക്കാർക്കും ഒമൈക്രോണിൽ നിന്ന് പരിരക്ഷ ലഭിച്ചതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ വിമുഖത കാട്ടിയാൽ ഒമൈക്രോൺ വ്യാപനം അതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നതിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്.

പുതിയ കണ്ടെത്തലിൻെറ ഫലമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമായേക്കും. ഇതുവരെ 22 ദശലക്ഷം ജനങ്ങളാണ് യുകെയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതുകൊണ്ടുമാത്രം മതിയായ സംരക്ഷണം ലഭിക്കില്ലാത്തതിനാൽ കെയർ ഹോം സന്ദർശകരുടെ എണ്ണത്തിൽ ഉൾപ്പെടെ സർക്കാർ പുതിയ നയരൂപീകരണത്തിന് നിർബന്ധിതമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ പുതിയ വൈറസ് വേരിയന്റുകൾ ആവിർഭവിക്കുന്നതിൽ ആരോഗ്യരംഗത്തെ വിദഗ്ധർ കടുത്ത ആശങ്കയിലാണ്.