റ്റിജി തോമസ്
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായി എന്ന് പറയുന്നതാവും ശരി. തങ്ങളുടെ പ്രതീക്ഷയെക്കാൾ ഉപരിയായി ഉള്ള വിജയത്തിലൂടെ തിളക്കമാർന്ന് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു. വിവാദങ്ങളുടെ തേരിലേറി വിജയം കൊതിച്ച വലതു മുന്നണി നേതൃത്വം ഏറ്റുവാങ്ങിയ തോൽവി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കി എന്ന് അവരുടെ നേതാക്കൾ അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തിൻെറ പേരിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിലേയ്ക്ക് പരാതികൾ പോയി കഴിഞ്ഞു.
സിപിഎം നേതൃത്വം നൽകുന്ന ഗവൺമെൻറിനെതിരെ വിവാദങ്ങളും അന്വേഷണ ഏജൻസികളുടെ വരിഞ്ഞുമുറുക്കലുകളും പ്രതിപക്ഷ പാർട്ടികളുടെ സമരഘോഷവും എല്ലാം ഉണ്ടായെങ്കിലും ജനങ്ങൾ ഇടതുപക്ഷം ശരിപക്ഷം എന്ന് കരുതുവാൻ എന്താകും കാരണം? സമാനമായ വിവാദങ്ങളുടെ പെരുമഴയിൽ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് തകർന്നടിഞ്ഞതിന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയും തിരക്കഥയും ഏകദേശം സമാനസ്വഭാവമുള്ളത് തന്നെയായിരുന്നു. എന്നാൽ കേരളജനത വിവാദങ്ങളും പത്രവാർത്തകളും ചാനൽ ചർച്ചകൾക്കും അപ്പുറം ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയത്തിൻറെ ഒന്നാമത്തെ ക്രെഡിറ്റ് ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സംവേദിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് അവകാശപ്പെടാൻ ഉള്ളത് തന്നെയാണ്. കാരണം രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങൾ ജയപരാജയങ്ങൾ നിർണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായുള്ള ഇഴയടുപ്പവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകളും എൽഡിഎഫ് നടത്തിയത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.
വലതുപക്ഷ മുന്നണിയുടെ പല സ്ഥാനാർഥികളും ജനങ്ങൾക്ക് അന്യരായിരുന്നു എന്ന യാഥാർത്ഥ്യം തോൽവിയിലേയ്ക്ക് വഴിതെളിയിച്ചു എന്ന് പറയേണ്ടിവരും. സ്ഥാനാർഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി വീടുകളിൽ ചെന്ന് വോട്ടർപട്ടികയിൽ സമ്മതിദായകരുടെ പേര് തപ്പി വശം കെടുന്ന കാഴ്ചയിൽ നിന്ന് യുഡിഎഫിന് ഈ പ്രാവശ്യവും കരകയറാനാവത്തത് തോൽവിയുടെ ആക്കംകൂട്ടി. കേരള കോൺഗ്രസ് തർക്കം യുഡിഎഫിൻെറ കെട്ടുറപ്പിനെ ബാധിക്കാതെ നോക്കേണ്ട ചുമതല മുന്നണി നേതൃത്വത്തിനുണ്ടായിരുന്നു. നിയമസഭ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികളാണ് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പേരിൽ ജോസ് വിഭാഗത്തെ മുന്നണിക്ക് വെളിയിലാക്കിയത് എന്നത് വരും കാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നീറി പിടിക്കുന്ന വിഷയമായി തീരാം. അതോടൊപ്പം ജോസ് വിഭാഗത്തെ പുറംതള്ളുന്നതുകൊണ്ട് കോൺഗ്രസിലെ എ വിഭാഗത്തിൻെറ സീറ്റുകളുടെ എണ്ണം കുറച്ച് ദുർബലമാക്കാനുള്ള ചരടുവലികളും ഗ്രൂപ്പ് പോരിൻെറ ഭാഗമായി ഉണ്ടായി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളുടെ സീറ്റുകൾ കുറയാൻ കാരണം കോൺഗ്രസുകാർ കാലുവാരിയതാണെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു.സ്വാർത്ഥ താൽപര്യത്തിനായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തന രീതിയിലൂടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രീയ ആത്മഹത്യയിലേക്ക് യുഡിഎഫ് പോകുന്നുണ്ടോ എന്ന് മുന്നണിയെ നയിക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രത്തിലെ ഭരണകക്ഷി നയിക്കുന്ന എൻഡിഎ മുന്നണിക്ക് അവരുടെ ദേശീയതലത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പേരിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചിരിക്കുന്നു. ബിജെപി മുന്നണിയിലെ തല മുതിർന്ന പല നേതാക്കളെയും നിഷ്കരുണം പരാജയപ്പെടുത്തുക വഴിയായി എൻഡിഎ മുന്നണിക്ക് വ്യക്തമായ സൂചനകൾ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്കായി. നേതൃതലത്തിലെ അസ്വാരസ്യങ്ങൾ എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
കിഴക്കമ്പലം മോഡൽ ട്വൻറി -20 യുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി. രാഷ്ട്രീയത്തിനതീതമായി വികസന കുതിപ്പിനെ ജനങ്ങൾ പിന്തുണച്ചു എന്നുവേണം കരുതാൻ. സമൂഹ മാധ്യമത്തിലൂടെയും മറ്റ് സാധ്യമായ രീതിയിലും തങ്ങൾ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവേദിക്കാൻ ട്വൻറി-20യ്ക്ക് കഴിഞ്ഞത് അവരുടെ വിജയത്തിന് കാരണമായി. ഇരുമുന്നണികളും ഒന്നിച്ച് എതിർത്തിട്ടും ഇത്രയും സ്ഥലങ്ങളിൽ വിജയക്കുതിപ്പ് നടത്താൻ ട്വൻറി-20 കഴിഞ്ഞത് നല്ല അവസരങ്ങൾ വന്നാൽ ജനങ്ങൾ മാറി ചിന്തിക്കാൻ തയ്യാറാകുമെന്നതിൻെറ സൂചനയാണ്. ട്വൻറി-20യുടെ അനുഭാവികളെ ബൂത്തിൽ വോട്ടെടുപ്പിൽ നിന്ന് തടയുകയും മർദിക്കുകയും ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.
ജാതിമത സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പെരുമാറാൻ യുഡിഎഫ് നേതൃത്വത്തിന് അലംഭാവമുണ്ടായി . സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തെ എൽഡിഎഫിലേയ്ക്ക് അടുപ്പിച്ചതിൽ യുഡിഎഫിൻെറ ഘടകകക്ഷിയായ മുസ്ലിംലീഗിൻെറ നിലപാടുകളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
കുറെ തെറ്റുകൾ ഉണ്ടെങ്കിലും കുറെയേറെ ശരികളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഇറങ്ങിച്ചെല്ലാൻ ഇടത് മുന്നണിയ്ക്കായി എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.
Leave a Reply