വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന യുവ ശാസ്ത്ര പുരസ്‌കാരമാണ് മലപ്പുറം മേലാറ്റൂര്‍ സ്വദേശി അജിത് പരമേശ്വരന്‍ സ്വന്തമാക്കിയത്.

രണ്ട് തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകള്‍ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017 ലെ ഫിസിക്സ് നൊബല്‍ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്. സ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.

പുരസ്‌കാരത്തിന് ഗുരുനാഥന്മാര്‍ക്കും തന്റെ വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്. 45 വയസില്‍ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.