ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ ആദ്യഘട്ട കോവിഡ് വാക്സിൻ ലഭിച്ച അഞ്ചുലക്ഷം പേർക്കുള്ള രണ്ടാമത്തെ ഡോസ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ഇത് രോഗികളിൽ കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇങ്ങനെ ചെയ്യുന്നത് വൈദ്യരംഗത്തെ ധാർമികതയ്ക്ക് എതിരാണെന്നും അവർ വ്യക്തമാക്കി. കോവിഡ് വാക്സിൻ നൽകുന്ന പ്രക്രിയയിൽ ബുധനാഴ്ചയാണ് ഗവൺമെന്റ് മാറ്റം വരുത്തുന്നതായി അറിയിച്ചത്. ആദ്യ ഡോസ് വാക്സിൻ നൽകിയതിനുശേഷം, 12 ആഴ്ചകൾക്കു ശേഷം മാത്രമേ അടുത്ത ഡോസ് നൽകുകയുള്ളൂ എന്നാണ് പുതിയ ഗവൺമെന്റ് തീരുമാനം. നേരത്തെ നൽകിയ ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് ജനുവരി നാലിന് ശേഷം ലഭിക്കാനിരുന്നവരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. ഈ വാക്സിന്റെ രണ്ട് ഡോസ് എടുത്താൽ മാത്രമേ കോവിഡിനെതിരെ പൂർണ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. ആദ്യദിവസം വാക്സിന്റെ കാലാവധി മൂന്ന് ആഴ്ചകൾക്കു ശേഷം ലഭിക്കാൻ സാധ്യത കുറവാണെന്നും അവർ അറിയിച്ചു.

ഗവൺമെന്റിന്റെ ഈ തീരുമാനം തന്നെ ഞെട്ടിച്ചതായി ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൈമറി കെയർ ആൻഡ് പബ്ലിക് ഹെൽത്ത് പ്രൊഫസർ അസീം മജീദ് വ്യക്തമാക്കി.നിരവധി ആളുകളാണ് രണ്ടാമത്തെ ഡോസ് വാക്സിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗംപേരും വാർധക്യത്തിൽ ഉള്ളവരാണ്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് നൽകിയിരിക്കുന്ന ബുക്കിംഗ് ക്യാൻസൽ ചെയ്ത്, വീണ്ടും ബുക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ നടപടിയാണെന്നും അദ്ദേഹം അറിയിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനം ഒട്ടനേകം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ ഇത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്ന് മറ്റൊരു ഡോക്ടർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. യുകെ ഡോക്റ്റേഴ്സ് അസോസിയേഷൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്ത് എഴുതിയതായി അറിയിച്ചു. എന്നാൽ വളരെ വിരളമായി ചിലർ ഗവൺമെന്റിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും അറിയിച്ചിട്ടുണ്ട്.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply