ന്യൂ ഡൽഹി: യുകെയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു ചിറകു നൽകിയായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിരുന്നു.

എന്നാൽ കൊറോണയുടെ വകഭേദം ഉണ്ട് എന്ന വാർത്തക്ക് പിന്നാലെ പല രാജ്യങ്ങളും യുകെയിലേക്കുള്ള ഫ്ലൈറ്റ് നിർത്തലാക്കിയിരുന്നു. അതിൽ എയർ ഇന്ത്യയും ഉണ്ടായിരുന്നു. ഡിസംബർ 30 തിയതിയിലെ അറിയിപ്പ് പ്രകാരം,  2021 ജനുവരി 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് അത് തിരുത്തി ജനുവരി എട്ടാം തിയതി മുതൽ വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യം വ്യോമയാന മന്ത്രി തന്നെ ഇന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ യുകെ മലയാളികൾക്കുള്ള ഇരുട്ടടിയായി മാറിയ പുതിയ തീരുമാനത്തിൽ കൊച്ചിയെ ഒഴുവാക്കിയിരിക്കുകയാണ്. നാനാവിധ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ ഇനി മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദ്രബാദ് എന്നി നഗരങ്ങളിൽ എത്തി ആഭ്യന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതിയിലായി. ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു ജനവരി 23 വരെയാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ മാത്രം ആണ് നടത്തുക. ദിവസങ്ങൾ ഏതെന്ന് വ്യക്തമല്ല. 23 ന് ശേഷം കൊച്ചിക്ക് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ബാംഗ്ലൂരിലേക്ക് ഇപ്പോൾ സർവീസ് ഉള്ളതും കൊച്ചിക്ക് ഇല്ല എന്നതും ഒരു വിരോധാഭാസമായി.

നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വാസമാണ് കേരളത്തിലേക്കുള്ള യാത്രക്കാർക്കു നൽകിയിരുന്നത്. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമായി. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിരുന്നു .

കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമായിരുന്നു.

[ot-video]

[/ot-video]