ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറസാന്നിധ്യമായിരുന്ന റേ തോമസിന് കണ്ണീരോടെ യു കെയിലെ മലയാളി സമൂഹം വിടനൽകി. ഇന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത്. സ്റ്റാക്ക്പൂള്‍ റോഡിലുള്ള സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ചിലാണ് പൊതുദർശനവും മൃത സംസ്കാര ശുശ്രൂഷകളും നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വളരെയേറെപേർ പള്ളിയിലും സെമിത്തേരിയിലും പങ്കെടുത്തത് മലയാളി സമൂഹത്തിന് റേയോടുള്ള സ്നേഹത്തിൻെറ നേർക്കാഴ്ചയായി.

ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. ഏതാനും ദിവസങ്ങൾ വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM

ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍ എന്നിവരാണ് മക്കൾ.