ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്പിലെമ്പാടും കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. യുകെയിൽ മാത്രം വെള്ളിയാഴ്ച 1325 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലണ്ടനിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് മേയർ അറിയിച്ചു. ആശുപത്രികളിൽ എല്ലാംതന്നെ കോവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസം ഏപ്രിലിൽ ഉള്ളതിനേക്കാൾ ഇരട്ടി രോഗികളാണ് ആശുപത്രികളിൽ എല്ലാം ഉള്ളതെന്ന് അദ്ദേഹം അറിയിച്ചു. അതിവേഗത്തിൽ നടപടികൾ എടുത്തില്ലെങ്കിൽ സാഹചര്യം കൈവിട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട്, ലണ്ടൻ മുതലായ പ്രദേശങ്ങളിൽ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ എൻഎച്ച്എസ് സ്റ്റാഫുകളെ അധികമായി നിയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയിൻ വൈറസ് അതീവ വേഗത്തിലാണ് പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ 1,188 പേരാണ് കോവിഡ് മൂലം മരിച്ചത്. ആദ്യഘട്ട രോഗബാധയെ ശക്തമായി തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമായി വിജയിച്ച ജർമനിയിൽ ഇപ്പോൾ സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണ്. ജനുവരി 31 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമനിയിൽ.
അയർലൻഡിലും സാഹചര്യങ്ങൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 6521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ജാഗ്രതയും നടപടികളും സ്വീകരിക്കണമെന്ന് രാജ്യങ്ങളോട് ഡബ്ലിയു എച്ച് ഒ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വാക്സിൻ പൂർണ്ണമായി രോഗത്തെ തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമല്ലെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഡിസംബർ 18ന് വാക്സിൻ റെഡ്യൂസ് നൽകിയ നഴ്സിന് ഒരാഴ്ചയ്ക്കുശേഷം രോഗം വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. വാക്സിൻ ട്രയലുകൾ 95 ശതമാനം മാത്രമാണ് വിജയകരമായിരിക്കുന്നത്. വാക്സിനേഷന് ശേഷം വീണ്ടും കൊറോണ ബാധ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നത്. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വാക്സിൻ എടുത്താലും ആളുകൾ ലക്ഷണങ്ങൾ ഇല്ലാത്ത രോഗവാഹകരായി തുടരുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തിൽ വാക്സിൻ ജനങ്ങൾക്ക് പ്രതീക്ഷയാണ് നൽകുന്നത്.
യു കെയിൽ മാത്രം ഇന്നലെ 68053 പേരാണ് കോവിഡ് ബാധിതരായത്. രാജ്യത്തെ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Leave a Reply