ന്യൂസ് ഡെസ്ക് മലയാളം യുകെ

അധികാരത്തിലെത്തിയാൽ രാജ്യത്തിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ കുറവ് വരുത്തുമെന്ന് ലേബർ പാർട്ടി. ഷാഡോ ചീഫ് സെക്രട്ടറിയായ സാരർ ജോൺസൺ ആണ് നെറ്റ് മൈഗ്രേഷൻ പ്രതിവർഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജോലിക്കായും പഠനത്തിനായും യുകെയെ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയം.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കാൻ വരുന്നവരുടെ എണ്ണവും രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആയ നെറ്റ് മൈഗ്രേഷൻ 745,000 ആണ് . ഇത് ബ്രെക്സിറ്റിന് മുമ്പുള്ളതിനേക്കാൾ 3 ഇരട്ടി കൂടുതലാണ്. കുടിയേറ്റം കുതിച്ചുയർന്ന വിഷയത്തിൽ വൻ വിമർശനമാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങിയത്. കൺസർവേറ്റീവ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടിയേറ്റ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായുള്ള വിമർശനം ശക്തമാണ്.

ആരോഗ്യ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി യുകെയിൽ എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് കുടിയേറ്റം കുതിച്ചുയരാനുള്ള പ്രധാന കാരണം. മലയാളികളിൽ ഭൂരിപക്ഷവും യുകെയിലെത്തുന്നതും ആരോഗ്യമേഖലയിലെ ജോലിക്കായാണ് . നെറ്റ് മൈഗ്രേഷൻ കുറയ്ക്കണമെന്ന മുറവിളിയും ലേബർ പാർട്ടിയുടെ പ്രഖ്യാപനവും യുകെയെ സ്വപ്നം കാണുന്ന മലയാളി നേഴ്സുമാരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ജോലിക്കായും പഠനത്തിനായും എത്തുന്നവരുടെ ആശ്രിത വിസയിൽ ഒട്ടേറെ മലയാളികളാണ് യുകെയിൽ എത്തിച്ചേരുന്നത്. ആശ്രിത വിസയിൽ വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന സർക്കാരിൻറെ പ്രഖ്യാപിത നയവും മലയാളികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്