അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ എൻഎച്ച്എസുമായി സഹകരിക്കുന്നതിന് യുകെയിലെ വൻ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ അസ്ഡയെ തെരഞ്ഞെടുത്തു. അസ്ഡയുടെ ബെർമിങ്ഹാം ബ്രാഞ്ചാ യിരിക്കും ഈ രീതിയിലുള്ള ആദ്യത്തെ വാക്സിനേഷൻ സെൻറർ ആയി പ്രവർത്തിക്കുക . ഇത് വളരെ അഭിമാനാർഹമായ കാര്യമാണെന്ന് അസ്ഡ സിഇഒയും പ്രസിഡന്റുമായ റോജർ ബർൺലി പറഞ്ഞു. എൻഎച്ച്എസിൻെറയും സർക്കാരിനെയും പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ അസ്ഡയുടെ ഭാഗത്തുള്ള രാജ്യവ്യാപകമായ സജ്ജീകരണങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. വാക്സിനേഷൻ കേന്ദ്രത്തിനായി ബർമിംഗ്ഹാം ബ്രാഞ്ചിനെ തയാറാക്കാനുള്ള ഒരുക്കങ്ങൾ അസ്ഡ ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയിൽ 7 ദിവസവും രാവിലെ എട്ടു മണി മുതൽ വൈകിട്ട് എട്ടു മണിവരെ പ്രതിരോധകുത്തിവെയ്പ്പ് ഇവിടെനിന്നും നൽകാനാണ് തീരുമാനം. എൻ എച്ച് എസിൻെറയും സർക്കാരിൻെറയും സഹകരണത്തോടെ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുന്ന തങ്ങളുടെ മറ്റു ബ്രാഞ്ചുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അസ്ഡ. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രതിരോധകുത്തിവെയ്പ്പ് കൂടുതൽ ആൾക്കാർക്ക് നൽകുന്നതിനെ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു .
Leave a Reply