ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടിക്ടോക്കിലൂടെ പ്രചരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റിന്റെ തെറ്റായ ഉപയോഗ രീതികളെ സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എൻഎച്ച്എസ് ഡോക്ടർ കരൺ രാജൻ. ടിക് ടോക് പ്ലാറ്റ് ഫോമിലൂടെ പ്രചരിക്കുന്ന വീഡിയോകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം വലുതായതിനാൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഗ്നൻസി ടെസ്റ്റിലെ പ്ലാൻ ബി എന്ന പേരിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ, പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് തുറന്നു പരിശോധിക്കുന്ന ഒരാൾക്ക് ഒരു ഗുളിക ലഭിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ കോൺട്രാസെപ്റ്റീവ് അഥവാ ഗർഭനിരോധന ഗുളികകൾ ആണെന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ പ്രഗ്നൻസി ടെസ്റ്റ് കിറ്റിലെ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിട്ടുള്ളവയാണെന്ന് ഡോക്ടർ വ്യക്തമാക്കി. സാധാരണയായി പുതുതായി വാങ്ങുന്ന ഷൂകൾ,ബാഗ് എന്നിവിടങ്ങളിൽ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിരിക്കുന്ന സിലിക്കാ പാക്കറ്റുകളുടെ അതേ ഉപയോഗം തന്നെയാണ് ഇത്തരം ഗുളികകൾക്കും ഉള്ളതെന്നും, ഇത് ഒരു കാരണവശാലും കഴിക്കരുതെന്നും ഡോക്ടർ കരൺ മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ഗുളികകൾ കഴിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു മില്യൻ വ്യൂസ് ആണ് ഡോക്ടർ കരണിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ് ഫോമിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും പൂർണമായും വിശ്വസിക്കരുതെന്ന കർശന നിർദേശവും ഈ വീഡിയോയിൽ അദ്ദേഹം നൽകുന്നുണ്ട്.