പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.
പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.
തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply