ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. മമ്മൂട്ടിക്കുവേണ്ടി നിരവധി ചിത്രങ്ങൾ എഴുതിയ അദ്ദേഹം മോഹൻലാലിനു വേണ്ടി ചെയ്തത് അഞ്ചു ചിത്രങ്ങളാണ്. എന്തുകൊണ്ടാണ് മോഹൻലാലുമായി അധികം ചിത്രങ്ങൾ ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കലൂർ ഡെന്നിസ്.
എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
“മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്മ എന്ന സിനിമയാണ്.
ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.
മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.
മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്.
ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്.’ – കലൂര്‍ ഡെന്നീസ് പറയുന്നു..
Leave a Reply