ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ തപോവൻ, ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റുകളിൽ നിന്ന് ഇനിയുള്ളവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. 170 ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങളിൽ നാലെണ്ണം റെയ്‌നി ഗ്രാമത്തിലെ ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റിൽ നിന്നാണെന്നും ഒന്ന് ചമോലിയിൽ നിന്നാണെന്നും മറ്റൊന്ന് നന്ദപ്രയാഗിൽ നിന്നാണെന്നും ഡി.ഐ.ജി ഗർവാൾ നീരു ഗാർഗ് പറഞ്ഞു. രണ്ട് മൃതദേഹങ്ങൾ വൈദ്യുത നിലയത്തിൽ വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരുടേതാണെന്നും അവർ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന തപോവന്‍ തുരങ്കത്തിനുള്ളില്‍ 35 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 1.9 കിലോ മീറ്റര്‍ ദൂരത്തിലുള്ള തുരങ്കത്തില്‍ വന്നടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ മുഴുവന്‍ സമയവും തുടര്‍ന്നു വരികയാണ്. തുരങ്കത്തിന് മുകളിലൂടെയുള്ള ഒരു ഏരിയല്‍ സര്‍വേയ്ക്കായി വൈദ്യുതി കാന്തിക പള്‍സ് ഇമേജറുള്ള ലേസര്‍ വഹിക്കുന്ന ഹെലികോപ്ട രക്ഷാ പ്രവര്‍ത്തന ഏജന്‍സികള്‍ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നിവയില്‍ നിന്നായി 600 രക്ഷാ പ്രവര്‍ത്തകരെയാണ് അപകടം നടന്ന ചമോലി ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം മൂലം ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് റേഷന്‍, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി നാവിക സേനാ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.

ചൊവ്വാഴ്ച അഞ്ച് ക്യാമറകളുള്ള ഡ്രോൺ തുരങ്കത്തിനുള്ളിൽ അയച്ചു. ഉച്ചകഴിഞ്ഞ് എൻ‌ഡി‌ആർ‌എഫ്, ഐ‌ടി‌ബി‌പി ഉദ്യോഗസ്ഥർക്ക് തുരങ്കത്തിനുള്ളിൽ 90 മീറ്റർ വരെ മാത്രമേ എത്തിച്ചേരാനായുള്ളൂ. എന്നാൽ അവശിഷ്ടങ്ങളും ടണൽ മേൽക്കൂരയും തമ്മിലുള്ള ഇടുങ്ങിയ വിടവിലൂടെ പറന്ന് ഡ്രോൺ 120 മീറ്റർ മുന്നോട്ട് പോയി. എന്നാൽ ഡ്രോൺ ചിത്രങ്ങൾ മനുഷ്യ സാന്നിധ്യം കാണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.