കോവിഡ് 19 ബ്രിട്ടനിലെ ആരോഗ്യരംഗത്തെ താറുമാറാക്കിയതിനെ തുടർന്നാണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പാക്കാൻ ഗവൺമെൻറ് വീണ്ടും നിർബന്ധിതരായത്. പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സ്വന്തം ജീവനും, നാഷണൽ ഹെൽത്ത് സർവീസും രക്ഷിക്കാനും നിരന്തരം ആഹ്വാനം ചെയ്തെങ്കിലും നിരവധിപേരാണ് നിയമലംഘനം നടത്തുന്നത്.

ഇതിന് മികച്ച ഉദാഹരണമാണ് ലങ്കാഷെയറിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലെ എൺപതോളം വിദ്യാർത്ഥികളാണ് ലോക്ക്ഡൗൺ സമയത്ത് പാർട്ടിക്കായി ഒരു ഫ്ലാറ്റിൽ ഒന്നിച്ചുകൂടിയത്. ഇതിൽ 35 ഓളം പേരേ പോലീസ് പിടികൂടി 800 പൗണ്ട് വീതം പിഴ അടപ്പിക്കാൻ സാധിച്ചു. ബാക്കിയുള്ളവർ വിൻഡോയിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. പ്രസ്തുത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , പരിപാടി സംഘടിപ്പിച്ചവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓർമ്മിക്കുക കഴിവതും വീട്ടിൽ കഴിയുക, സ്വന്തം ജീവനേയും എൻ എച്ച് എസിനേയും രക്ഷിക്കുക.