തിരുവനന്തപുരം: മഹാരാജാസ് കോളെജില്‍ നിന്നും വടിവാളോ, ബോംബോ പോലെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി ഇക്കാര്യം അറിയിച്ചത്. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം വിഷയത്തിനില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളെജില്‍ നിന്നും കണ്ടെടുത്തതെന്നു വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തെ ന്യായീകരിക്കുന്നതിലൂടെ അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മഹാരാജാസ് കോളെജ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്നും പിടി തോമസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഈവ പിടിച്ചെടുത്തത്. പരിശോധനയ്‌ക്കെത്തിയ പോലീസിനോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു സംസാരിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികളാണ് പോലീസിനോട് കയര്‍ത്തത്. ഇവരും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ അവധിക്കാലത്ത് താമസിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികളും ഇന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.