നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി നിര്‍ണയ സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ സിനിമാതാരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും മത്സരരംഗത്തുണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ട്വന്റി ട്വന്റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ അങ്കത്തിനിറങ്ങാന്‍ കച്ചകെട്ടിയിരിക്കുന്ന ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.

സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാര്‍ഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.