ന്യൂസ് ഡെസ്ക് മലയാളം യുകെ
പൊതുവേ യുകെയിലെങ്ങും കോവിഡ് വ്യാപന നിരക്ക് കുറയുകയാണെങ്കിലും മലയാളികൾ തിങ്ങി പാർക്കുന്ന ബെർമിങ്ഹാമിൽ കോവിഡ് വ്യാപന നിരക്ക് വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ബെർമിങ്ഹാം ട്രസ്റ്റിലാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബെർമിങ്ഹാമിൽ മാത്രം 497 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇത് കഴിഞ്ഞ മാസത്തെ 900 രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇത് രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ആശങ്ക ഉളവാക്കുന്നു.
ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻെറ ഭാഗമായി കെയർ ഹോമുകളിൽ ഒരാൾക്ക് സന്ദർശനാനുമതി നൽകാൻ തീരുമാനമായി. മാർച്ച് എട്ടാം തീയതി മുതലാണ് ഇത് നടപ്പാക്കുക. സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹസ്തദാനം നൽകാൻ സാധിക്കുമെങ്കിലും പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും സന്ദർശനത്തിന് മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണമെന്നുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിനും കാര്യങ്ങൾ പഴയ പടിയാകുന്നതിനുമുള്ള ആദ്യ ചുവടുവെയ്പ്പാണ് കെയർ ഹോമുകളിലേയ്ക്കുള്ള സന്ദർശനാനുമതിയെന്ന്ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൂടുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിനുള്ള രൂപരേഖ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
Leave a Reply