ന്യൂസ് ഡെസ്ക് മലയാളം യുകെ

വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്ന ലോക കിക്ക്ബോക്‌സിംഗ് ചാമ്പ്യൻ കോവിഡ് ബാധിച്ച് മരിച്ചു. നവംബർ അവസാനത്തോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ഒരു ചെറിയ വൈറസിന് തന്നെ ഒന്നും ചെയ്യാൻ ആവുകയില്ല എന്നായിരുന്നു 41 കാരനായ ഫ്രെഡറിക് സിനിസ്ട്രൻെറ വാദം. മൂന്നു തവണ ലോക ചാമ്പ്യനായ ഇദ്ദേഹം തൻറെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് രോഗ ലക്ഷണങ്ങൾക്കുള്ള ചികിത്സ സ്വീകരിക്കുക വീട്ടിൽനിന്ന് ആയിരിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഡിസംബർ 15 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹത്തിൻറെ പങ്കാളി പറഞ്ഞു. ആശുപത്രി വിട്ട് ഓക്സിജൻ സ്വയം നൽകി ചികിത്സിക്കാൻ തീരുമാനിച്ച അദ്ദേഹം സ്വദേശമായ സിനിയിൽ വച്ചായിരുന്നു മരിച്ചത്.

അണ്ടർടേക്കർ എന്നറിയപ്പെടുന്ന ബെൽജിയം വംശജനായ ഇദ്ദേഹം മുമ്പ് മാസ്കുകൾക്കെതിരെയും വാക്സിൻ പാസുകൾക്കെതിരെയും രംഗത്തുവന്നിരുന്നു. തൻറെ യുവത്വവും ശാരീരികക്ഷമതയും വൈറസിൽ നിന്ന് തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ വിശ്വാസം. അദ്ദേഹം കോവിഡിനെ “ഹെയർ ഫ്ലൂ” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഇദ്ദേഹം തൻെറ പങ്കാളിത്തം അറിയിക്കുകയും ചെയ്തിരുന്നു. കോവിഡിന്‌ സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ആശുപത്രിയിൽ പോകാൻ സിനിസ്ട്രയോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിൻറെ പരിശീലകൻ ഒസ്മാൻ യിഗിൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിച്ചില്ലെങ്കിൽ പരിശീലനം നടത്താൻ വിസമ്മതിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്ന വിളിപ്പേരുള്ള സിനിസ്ട്രയ്ക്ക് അസുഖം മൂലം ഡിസംബർ 4ന് ആസൂത്രണം ചെയ്തിരുന്ന ഒരു പോരാട്ടം മാറ്റിവയ്ക്കാൻ നിർബന്ധിതനായപ്പോൾ അതിനെതിരെയുള്ള അതൃപ്തി സിനിസ്ട്ര പങ്കുവെച്ചിരുന്നു.