അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഒരു വർഷമായി കൊറോണാ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ മുന്നണി പോരാളികളായ നേഴ്സുമാരുടെ 1 % നിർദ്ദിഷ്ട ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധവുമായി കൂടുതൽ നഴ്സിങ് യൂണിയനുകൾ രംഗത്തെത്തി. സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു. ന്യായമായ ശമ്പള വർധനവിന്റെ ആവശ്യങ്ങളുമായി യൂണിയനുകൾ ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.
ഇതിനിടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ശമ്പള വർധനവിനെ ന്യായീകരിച്ച് രംഗത്ത് വന്നത് പ്രതിഷേധം കനക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കൊറോണാ മഹാമാരി മൂലമുള്ള സാമ്പത്തിക സമ്മർദമാണ് ശമ്പളവർധനവിലെ കുറവിന് ന്യായീകരണമായി ഹെൽത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇന്നലെ നേഴ്സുമാരുടെ ശമ്പളവർധനവിലെ കുറവിനെതിരെ കടുത്ത വിമർശനവുമായി ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശ ജനകമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, റോയൽ കോളേജ് ഓഫ് നഴ്സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്വൈവ്സ്, യൂണിസൺ എന്നീ നഴ്സിംഗ് സംഘടനകളാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
Leave a Reply