ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം ബ്രിട്ടനിലെ പതിനായിരക്കണക്കിന് ക്യാൻസർ രോഗികളുടെ ചികിത്സ വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിസന്ധി മറികടക്കാൻ എൻഎച്ച്എസിന് കൂടുതൽ ധനസഹായം ലഭ്യമാക്കണമെന്ന എംപിമാരും റോയൽ കോളേജും ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എൻഎച്ച്എസിൻെറ മെല്ലെപോക്ക് കാരണം ക്യാൻസർ രോഗികളുടെ അതിജീവനം 15 വർഷം വരെ പിന്നിലേക്ക് ആകുന്നു എന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. 2020 മാർച്ചിനും ഫെബ്രുവരി 2021 നും ഇടയിൽ ചികിത്സ ലഭിച്ചവരുടെ എണ്ണം സാധാരണ ഒരു വർഷത്തിൽ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം.

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.