കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോളി രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.ബാബു, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ സമീപിച്ചത്.

യുവാക്കളും സ്ത്രീകളും ദുർബലവിഭാഗക്കാരും ഉൾപ്പെടുന്ന ജയസാധ്യതയുള്ള അമ്പതു ശതമാനത്തോളം പുതുമുഖങ്ങൾക്ക് പ്രഥമപരിഗണന നൽകണമെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇക്കാര്യം ഏറക്കുറെ അന്തിമമാണെന്നും ഉന്നത കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നതിനിടയിലാണ് മുതിർന്ന നേതാക്കൾ ഹൈക്കമാന്‍ഡിനെ കാണുന്നത്.

നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.കെ. പാട്ടീലിനെ അറിയിച്ചു. സുപ്രധാന തെരഞ്ഞെടുപ്പായതിനാല്‍ വിജയം മാനദണ്ഡമാകണം. അതിനാല്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം പുതുമുഖങ്ങള്‍ 50 ശതമാനത്തോളം വേണമെന്നതാണ്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.

ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ് സീറ്റ് മോഹിച്ച് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് വിവരം.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.