ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഐറിഷ് കടലിന് കുറുകെ ഒരു പാലത്തിനു വേണ്ടി 20 ബില്യൺ പൗണ്ട് പദ്ധതികൾ ആവിഷ്കരിക്കുന്ന പ്രധാനമന്ത്രി നേഴ്സുമാർക്ക് ശരിയായ ശമ്പള വർദ്ധനവ് നൽകാൻ വിസമ്മതിക്കുന്നത് വിവാദമാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒരു ശതമാനം എന്ന നാമമാത്ര വേതന വര്‍ദ്ധനവ് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും തമ്മിൽ ഒരു സ്ഥിര ബന്ധം ഉണ്ടാക്കിയെടുക്കുക എന്ന ആശയം മുന്നോട്ട് നീക്കുകയുണ്ടായി. മുൻ ക്രോസ് റെയിൽ, എച്ച്എസ് 2 ചെയർമാൻ പ്രൊഫ. ഡഗ് ഓക്കർവി, ടോപ്പ് എഞ്ചിനീയർ പ്രൊഫ. ഗോർഡൻ മാസ്റ്റർസൺ എന്നിവർ പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട് സമർപ്പിക്കും. തുരങ്കത്തിന്റെ ആശയത്തിന് സൺഡേ ടെലിഗ്രാഫ് ‘ബോറിസ് ബറോ’ എന്ന് വിളിപ്പേരു നൽകി. ഇതിന് പ്രധാനമന്ത്രിയുടെ ആവേശകരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ഇതുപോലുള്ള നിർദ്ദേശങ്ങളോട് താൻ അകലം പാലിക്കുന്നില്ലെന്നും എന്നാൽ ഇത് കൂടുതൽ വഴിതിരിച്ചുവിടുന്ന തന്ത്രമാണെന്ന് വിശ്വസിക്കുന്നതായി സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം വേതന വർധനവുമായി മുന്നോട്ട് പോകുന്ന സർക്കാരിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് നേഴ്സിംഗ് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉടനീളം സ്വന്തം ജീവന് വില കൽപിക്കാതെ പോരാടിയവർക്ക് പരിഗണന നൽകാതെ മറ്റു വികസനപ്രവർത്തനങ്ങളിലേക്ക് തിരിയുന്ന പ്രധാനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധം അലയടിച്ചുയരുകയാണ്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് തന്നെ ഈ ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്.
ഒരു ശതമാനം വേതന വർധനവ് മാന്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടെങ്കിലും ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തിലായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്, റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ്, റോയല്‍ കോളേജ് ഓഫ് നേഴ്സിംഗ് എന്നിവര്‍ ചാന്‍സലര്‍ റിഷി സുനകിന് ആശങ്കകള്‍ അറിയിച്ച് കത്തയച്ചിരുന്നു . സാമ്പത്തിക ഞെരുക്കം മൂലമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ ഒതുങ്ങിയതെതെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോവിഡ് മുൻനിര പോരാളികളെ അവഗണിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം സജീവമാകവേ നേഴ്സുമാര്‍ക്ക് കൂടുതല്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നേഴ്സുമാര്‍ക്ക് കേവലം ഒരു ശതമാനമായിരിക്കില്ല ശമ്പള വര്‍ദ്ധനവ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി നേഴ്സുമാര്‍ക്ക് 1.7 ശതമാനം വര്‍ദ്ധനവ് ഈ വര്‍ഷം ലഭിക്കും. മുന്‍പ് സര്‍ക്കാർ അംഗീകരിച്ച കരാറിന്റെ ബലത്തിലാണ് നേഴ്സുമാര്‍ക്ക് ഈ ബോണസ് ലഭിക്കുക.
Leave a Reply