ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- കോവിഡ് വ്യാപനം തടയുന്നതിനായും വായു സഞ്ചാരം ഉറപ്പാക്കുന്നതിനായും ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഉടൻതന്നെ 30, 000 കാർബൺ ഡയോക്സൈഡ് മോണിറ്ററുകൾ ലഭ്യമാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങൾ ഇത്തരം പോർട്ടബിൾ മോണിറ്ററുകളിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അധ്യാപക യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വായു ലഭ്യത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തുമ്പോൾ, ഉടൻതന്നെ നടപടിയും ഉണ്ടാകണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഈ ടേം മുതൽ സ്കൂളുകളിൽ കോവിഡ് പ്രോട്ടോകോളുകളിൽ അയവ് വരുത്താനാണ് തീരുമാനം. മാസ്കുകളുടെ ഉപയോഗം വേണ്ടെന്നു വയ്ക്കാനും, സാമൂഹ്യ അകലം പാലിക്കേണ്ടെന്ന തീരുമാനവുമെല്ലാം കൈക്കൊണ്ടിട്ടുണ്ട്.


നിരവധി സ്കൂളുകളിൽ ഇപ്പോൾ ജനാലകൾ മറ്റും തുറന്നാണ് വായുസഞ്ചാരം ഉറപ്പുവരുത്തുന്നത്. എന്നാൽ ഈ മാർഗം ചൂടുള്ള കാലാവസ്ഥയിൽ മാത്രമേ സാധ്യമാകുകയുള്ളൂ. അതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള മോണിറ്ററുകൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും സ്കൂളുകളിൽ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും നിലവിലെ നിയമമനുസരിച്ച് ഐസലേഷനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ എല്ലാം മാറ്റുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ മാറ്റുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇവർ ഭയപ്പെടുന്നു. എന്നാൽ കോവിഡ് മോണിറ്ററുകൾ ഉറപ്പാക്കുന്നത് സ്കൂളുകളിൽ പഠന സൗകര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനാണെന്നും , വിദ്യാർഥികൾ എല്ലാവരും തന്നെ സുരക്ഷിതരായിരിക്കുമന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു.


എന്നാൽ ഇത്തരം മോണിറ്ററുകൾ എത്രത്തോളം ലഭ്യമാക്കാൻ സാധിക്കും എന്നത് വിദ്യാഭ്യാസ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നു. അടുത്ത ടേമിന് മുൻപ് സ്കൂളുകളിൽ ഇത് ഉറപ്പാക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.