കൊറോണയെന്ന കുഞ്ഞൻ വൈറസിനു മുൻപിൽ മാനവ ജനതയൊന്നാകെ പകച്ചു നിന്നപ്പോൾ , മഹാമാരിയുടെ ഒന്നാം വരവിലും രണ്ടാം വരവിലും ലോക ജനതയൊട്ടാകെ നിസംഗതയോടെ നിശ്ചലമായ സാഹചര്യത്തിൽ, അഹോരാത്രം കഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള അവശ്യ സേവന ദാതാക്കൾ, പ്രതിരോധ നടപടികളുടെ നേത്രത്വ നിരയിലുണ്ടായിരുന്നവർ, പരിണിത പ്രഞ്ജരായ ശാസ്ത്ര ലോകം, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ഇവരെയൊക്കെ നന്ദിയോടെ ഓർമ്മിക്കാനും , അനുമോദിക്കാനുമായി അവലംബിക്കുന്ന അനതിസാധാരണമായ പല രീതികളും ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നാം കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ സുപരിചിതനായി അറിയപ്പെടുന്ന കലാകാരനും, ചിത്രകാരനുമായ ബോബി ജോസഫ് കാംബസ്ലാംങിന്റെ കരവിരുതിൽ വിരിഞ്ഞത് അത്യപൂർവ്വമായ മറ്റൊരു കലാസൃഷ്ടിയാണ്.

ചക്രവാള സീമയിൽ തെളിയുന്ന മാരിവില്ലിൻ്റെ ഏഴഴകിൽ അൽഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുണ്ട് ? ആ വർണ്ണ വിസ്മയം മനസ്സിൽ കോരിയിടുന്ന വികാരങ്ങൾക്കതിരില്ല. മനുഷ്യനിർമ്മിതമായ ഒരു മഴവില്ലിനെ ഒഴുകുന്ന ജലാശയത്തിൽ സൃഷ്ടിക്കുന്നതിനേപറ്റി നമ്മൾ ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാൽ അതും സാധ്യമാണെന്നു തെളിയിക്കുകയാണ് ഗ്ലാസ്ഗോ മലയാളി ബോബി ജോസഫ്.

ഗ്ലാസ് ഗോ കോളേജ് ഓഫ് ആർട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി തൻ്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നത് . മാനവ സമൂഹത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്ന് സൃഷ്ടിച്ച കോവിഡ് എന്ന മഹാമാരിക്കു ശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ കണ്ടുണരുന്ന മാനവ സമൂഹത്തിൻ്റെ പുതു പുത്തൻ പ്രതീക്ഷകളെ പ്രതീകാത്മമായി ചിത്രീകരിക്കുകയാണ് ബോബി .
ഒന്നിനുമാവാതില്ലാതെ നാളെയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കുന്ന മനുഷ്യൻ, പെയ്തൊഴിയുന്ന ഒരു മഹാമാരിക്കു ശേഷം തെളിയുന്ന മഴവില്ലിനേപ്പോലെ പുത്തൻ പ്രതീക്ഷകളിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നതിനെ തൻ്റെ കലാവിഷ്കാരത്തിലൂടെ ചിത്രീകരിക്കുകയായിരുന്നു ബോബി .

ഗ്ലാസ്ഗോയുടെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന, യുകെയിലെ തന്നെ ഏറ്റവും വലിയ പ്രധാന നദികളിലൊന്നായ ക്ലൈഡ് നദിയിലെ ജലാശയത്തിലാണ് ബോബി തന്റെ കലാവിരുതിലൂടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകാത്മകതയായ മാരിവിൽ വൃഷ്ടി വിരിയിച്ചത്. മാർച്ച് 10 ന് രാവിലെ 10 നും 11 നും ഇടയ്ക്ക് പ്രാദേശിക കൗൺസിലിന്റെ പ്രത്യേക അനുവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഗ്ലാസ്ഗോ ആർട്സ് കോളേജ് പ്രതിനിധികൾ , ഏറെ വർഷങ്ങളായി ബോബിയുടെ കരവിരുതിന്റെ മായാജാലങ്ങൾക്ക് വേദിയായ കലാകേരളം സംഘടനയിലെ സുഹൃത്തുക്കൾ, തദ്ദേശിയരും, വിദേശികളും ആയ മറ്റ് അഭ്യുദയാകാംഷികൾ എന്നിങ്ങനെ ജീവിതശ്രേണിയിലെ ഒട്ടേറെ പ്രമുഖർ ഈ അവിസ്മരണീയ മുഹൂർത്തങ്ങളെ നീണ്ട കരഘോഷങ്ങളോടെ വരവേല്ക്കുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.
ബോബി ജോസഫ് ഇടുക്കി കട്ടപ്പനയിൽ കൈപ്പയിൽ കുടുംബാംഗമാണ് കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസ്ഗോയിലെ കാമ്പസ്ലാംഗിൽ താമസിക്കുന്നു. ഭാര്യ ലിഡിയ , മകൾ എലീസ്സ.
	
		

      
      



              
              
              




            
Leave a Reply