ആറിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാരശ്രമങ്ങള്‍ തുടരുന്നു‌. വട്ടിയൂര്‍ക്കാവില്‍ പി.സി.വിഷ്ണുനാഥാണു പരിഗണനയില്‍. കല്‍പറ്റയില്‍ ടി.സിദ്ദീഖിനു സാധ്യത തെളിഞ്ഞു. അവസാന നിമിഷമാണ് കല്‍പറ്റയിലെ പ്രഖ്യാപനം മാറ്റിവച്ചത്. ആറു സീറ്റുകളിൽ അനിശ്ചിതത്വം നിലനിർത്തിയാണ് 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

നിലമ്പൂർ, കൽപറ്റ, തവനൂർ, വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി എന്നീ 6 മണ്ഡലങ്ങളിലാണു തീരുമാനം മാറ്റിവച്ചത്‌. ഈ സീറ്റുകളിൽ തിങ്കളാഴ്ച തീരുമാനമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തവനൂരില്‍ റിയാസ് മുക്കോളി, പട്ടാമ്പി– ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍– വി.വി.പ്രകാശ്, കുണ്ടറ– പി.എ.ബാലന്‍ എന്നിവരാണ് പരിഗണനയിൽ.

നേമത്ത് കെ.മുരളീധൻ എംപി മത്സരിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ്‌ നൽകി. പിണറായി സർക്കാരിന്റെ കുറവുകൾ അക്കമിട്ട് നിരത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ നിരയെ മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.

20 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമ്പോൾ കെ.സി.ജോസഫിനു സീറ്റില്ല. തർക്കം നിലനിന്നിരുന്ന തൃപ്പൂണിത്തുറയിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദഫലമായി കെ.ബാബു വീണ്ടും രംഗത്തിറങ്ങും. പെരിയ ഇരട്ടക്കൊലപാതകം ചർച്ചയായ ഉദുമയില്‍ പെരിയ ബാലകൃഷ്ണനെയാണ് പോരാട്ടത്തിന് നിയോഗിച്ചിട്ടുള്ളത്.