തിരുവനന്തപുരം: സർക്കാരിനെതിരായ ജനവികാരം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അഭിപ്രായ സർവേകളെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജൻഡ നിശ്ചയിച്ച ശേഷം അതിനനുസരിച്ചുള്ള ചോദ്യങ്ങളാണു സർവേയിൽ ചോദിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു 12 മുതൽ 16 വരെ സീറ്റുകൾ കിട്ടുമെന്നായിരുന്നു പ്രവചനമെങ്കിലും കിട്ടിയത് ഒരു സീറ്റ് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണു സർവേക്കാർ നൽകിയത്. അദ്ദേഹം മുഖ്യമന്ത്രിയായി.

പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും സർവേകളിൽ കാണുന്നു. സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു. സർക്കാരിന് എല്ലാ വിഷയങ്ങളിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും തറപറ്റിക്കാൻ കഴിയാതെ വന്നപ്പോൾ സർവേ നടത്തി തകർക്കാനാണു നോക്കുന്നത്. 3 മാധ്യമസ്ഥാപനങ്ങൾക്കായി ഒരു കമ്പനി തന്നെയാണു സർവേ നടത്തിയത്.പ്രതിപക്ഷത്തിനു ന്യായമായി ലഭിക്കേണ്ട ഇടം പോലും നൽകാതെ ഭരണകക്ഷിക്കു വേണ്ടി കുഴലൂത്തു നടത്തുകയാണു മാധ്യമങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നരേന്ദ്ര മോദി സർക്കാർ ഡൽഹിയിൽ ചെയ്യുന്നതുപോലെ വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ വരുതിയിലാക്കാനാണു പിണറായി ശ്രമിക്കുന്നത്.അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ വെള്ളപൂശാൻ 200 കോടി രൂപയുടെ പരസ്യമാണു സർക്കാർ നൽകിയത്. അതിന്റെ ഉപകാരസ്മരണയാണു സർവേകളിൽ തെളിയുന്നതെന്നും രമേശ് പറഞ്ഞു.ചാനലുകളുടെ സർവേകളെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. അഭിപ്രായ സർവേകളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളെയാണു വിശ്വാസമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി സർവേ നടത്തി തരാമെന്നു പറഞ്ഞു ചില ഏജൻസികൾ സമീപിച്ചിരുന്നു. നിരന്തരമായി സർവേകളെ കുറ്റപ്പെടുത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇത്തവണ മിണ്ടുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന സർവേ ഫലങ്ങൾ വെറും പിആർ എക്സർസൈസ് മാത്രം. സർവേകളിൽ യുഡിഎഫ് വിശ്വസിക്കുന്നില്ല. 5 വർഷത്തെ ജനദ്രോഹ നടപടികൾ മറച്ചുവയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം സർവേ ഫലങ്ങൾ ഉണ്ടാക്കുന്നത്.