യു കെയിലെ മുൻ ഹൈക്കമ്മീഷണർ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ ,രാധാകൃഷ്ണ തുടങ്ങിയ റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിംഗ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട് .മൂത്ത മകൻ വിവാഹിതനാണ്.

ഓ ഐ സി സി യുകെ യുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മലയാളികളുടെ ഏത് ആവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ആദ്ദേഹം ഉദ്യോഗസ്ഥ വൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സഹായത്തിന് മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കുമായി ഹരിദാസ് എപ്പോഴും ഒരു കൈ അകലത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിന് മലയാളികൾക്കാണ് ഹരിദാസിന്റെ നേതൃത്വത്തിൽ സഹായഹസ്തമേകിയത്.

യുകെയിലെ പ്രമുഖ സംഘാടകനായിരുന്ന ഹരിദാസ് എം എം യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു.

ഹരിദാസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.