ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു എസ് :- ഹാരി രാജകുമാരന്റെ ആത്മകഥയിൽ അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച കുറ്റംസമ്മതം അറിയാവുന്ന ഏതൊരു അതിർത്തി ഉദ്യോഗസ്ഥർക്കും അദ്ദേഹത്തിന് യുഎസിലേക്ക് വീണ്ടും പ്രവേശനം നിഷേധിക്കാമെന്നു നിയമവിദഗ്ധർ അവകാശപ്പെടുന്നു. വിസ അപേക്ഷാ ഫോമിൽ തന്റെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച് ഹാരി രാജകുമാരൻ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ പ്രവേശനം തടയാമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ ഹാക്കിംഗ് ആരോപണത്തിൽ മിറർ ഗ്രൂപ്പ് ന്യൂസ്‌പേപ്പറുകൾക്കെതിരെയുള്ള കേസിന്റെ നടപടികൾക്ക് ലണ്ടനിലേക്കുള്ള യാത്രയ്ക്ക് ശേഷം അടുത്ത മാസം യുഎസിലേക്കുള്ള ഹാരി രാജകുമാരന്റെ മടക്കം ഇതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

കൊക്കെയ്ൻ, കഞ്ചാവ്, മാജിക് മഷ്റൂം എന്നിവ താൻ ഉപയോഗിച്ചതായുള്ള ഹാരി രാജകുമാരന്റെ കുറ്റസമ്മതത്തിനെ തുടർന്ന്, അദ്ദേഹത്തിന്റെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ യുഎസ് സർക്കാർ അടുത്ത ചൊവ്വാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാകുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള സംഘടനയായ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ ഹാരി രാജകുമാരന്റെ ഇമിഗ്രേഷൻ ഫയലുകൾ പുറത്തുവിടാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കേസ് കൊടുക്കുമെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്.


പതിനേഴാം വയസ്സിൽ ഒരു ഷൂട്ടിംഗ് വാരാന്ത്യത്തിലാണ് താൻ ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചതെന്ന് ഹാരി തന്റെ ആത്മകഥയായ സ്പെയറിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ അപേക്ഷയിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളും സ്‌പെയറിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വെളിപ്പെടുത്തലുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന് അമേരിക്കയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശികൾ ഒരിക്കലും അറസ്റ്റുചെയ്യപ്പെടുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെങ്കിലും, യുഎസ് ഉദ്യോഗസ്ഥർക്ക് രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ ഹാരി രാജകുമാറിന്റെ യുഎസ് പ്രവേശനം കൂടുതൽ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുകയാണ്.

2023 ജനുവരി ആദ്യമാണ് ഹാരി രാജകുമാരൻ തന്റെ ആത്മകഥയായ ‘സ്പെയർ ‘ പ്രസിദ്ധീകരിച്ചത്. അതിൽ അദ്ദേഹം നടത്തിയ കുറ്റസമ്മതമാണ് ഇപ്പോൾ പുതിയ വിവാദങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചിരിക്കുന്നത്