കോവിഡ് ബാധിച്ച് അവശനിലയിലായ ദമ്പതികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ ദാരുണമരണം. ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരാണ് ഇവർ. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പിആർഒ ആണ്. വന്ദന കെകെ നഗറിലെ സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പാളായിരുന്നു. ഇവർക്ക് മക്കളില്ല.

തനിച്ചുതാമസിച്ചിരുന്ന ഇരുവരും ഒരാഴ്ചയിലേറെയായി അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഏറെദിവസമായിട്ടും ഇരുവരെയും പുറത്തു കാണാതിരുന്നതോടെ സംശയംതോന്നിയ അയൽക്കാർ വന്നുനോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.

മരണവിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.