കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫുട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.
നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫുട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫുട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.
Leave a Reply