ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്തിന്റെ കത്തനാരിന്റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ. നൂറ് കോടി ക്ലബിൽ ഇടംപിടിച്ച കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന വലിയ സിനിമ കൂടിയാണ് കത്തനാർ.

വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിൽ ആദ്യമായി വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രമാണ്. ലയൺ കിങ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ.

ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, സംവിധായകൻ ആയ റോജിൻ തോമസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നീണ്ട കാലത്തെ ഗവേഷണത്തെ ആസ്പദമാക്കി ആർ. രാമാനന്ദ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. പുതിയൊരു ആവിഷ്ക്കാര രീതിയില്‍ നിർമിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക തികവിലാകും ഒരുങ്ങുക.