ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എ ഭാഗ്യവതി.മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.

സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുട്ടികളുടെ മരണത്തിന് അമ്മയാണ് ഉത്തരവാദിയാണെന്ന് പൊതുസമൂഹത്തില്‍ വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വാളയാറില്‍ മരിച്ച കുട്ടികളുടെ അമ്മയുടെ പരാതി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായി കുറിപ്പിട്ടെന്നും ഇതിനെതിരെ വാളയാര്‍ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അമ്മയുടെ ആരോപണം

സമരസമിതിയുടെ ഭാഗമായിരുന്ന പുതുശേരി പഞ്ചായത്ത് മുന്‍ അംഗം ബാലമുരളി സിപിഎമ്മിന്റെ ചാരനായിരുന്നുവെന്ന് അമ്മ ആരോപിച്ചു. സിബിെഎ അന്വേഷണത്തിലാണ് പ്രതീക്ഷ. കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ നേരില്‍ കണ്ടിരുന്നതായും അമ്മ വ്യക്തമാക്കി.