ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കർശനമായ കോവിഡ് പ്രോട്ടോക്കോൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ രാജ്ഞി കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റയ്ക്ക് ഇരിക്കും. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. അതുകൊണ്ട് തന്നെ വിൻഡ്‌സർ ബബിളിലെ ഒരു അംഗം തന്നോടൊപ്പം ചേർന്നില്ലെങ്കിൽ രാജ്ഞി ശവസംസ്കാര ശുശ്രൂഷയിൽ തനിച്ചായിരിക്കുമെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം രാജ്ഞിക്കൊപ്പം ഇരിക്കാൻ അനുവാദം ലഭിച്ച ഒരേയൊരു വ്യക്തിയാണ് ഫിലിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ബ്രിഗേഡിയർ ആർച്ചി മില്ലർ-ബേക്ക്‌വെൽ. ശവസംസ്കാര ചടങ്ങ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശവസംസ്കാര ചടങ്ങിൽ അതിഥികൾ മാസ്ക് ധരിച്ചാവും സംബന്ധിക്കുക. രോഗവ്യാപനം കണക്കിലെടുത്ത് പാട്ട് പാടുന്നതിനും വിലക്കുണ്ട്. അതേസമയം ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ വിൻഡ്‌സർ മേയർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരിയും ആൻഡ്രൂവും സംസ്‍കാര ചടങ്ങിൽ സൈനിക യൂണിഫോം ധരിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. ഹാരിയുടെയും ആൻഡ്രൂവിന്റെയും നാണക്കേട് ഒഴിവാക്കാൻ രാജകുടുംബത്തിലെ ആരും ഫിലിപ്പിന്റെ ശവസംസ്കാര ചടങ്ങിൽ യൂണിഫോം ധരിക്കില്ലെന്നും പകരം സ്യൂട്ട് ധരിക്കുമെന്നും അറിയിച്ചു. രാജ്ഞി ഇടപെട്ടാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സൈനിക യൂണിഫോം ധരിക്കാൻ കഴിയാത്ത ഏക കുടുംബാംഗം ഹാരി രാജകുമാരനാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ തീരുമാനം ഉണ്ടാവുന്നത്.

ഒരു ദശാബ്ദക്കാലം കരസേനയിൽ സേവനമനുഷ്ഠിച്ച ഹാരി യുകെ വിട്ടതിനാൽ രാജകീയ പദവികൾ നഷ്ടപ്പെട്ടിരുന്നു. അതേസമയം പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ തനിക്ക് അഡ്മിറൽസ് യൂണിഫോം ധരിക്കണമെന്ന് ആൻഡ്രൂ രാജകുമാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഞിയുടെ ഈ തീരുമാനത്തോടെ ശനിയാഴ്ച നടക്കുന്ന ശവസംസ്കാര ചടങ്ങിൽ എല്ലാ മുതിർന്ന രാജകുടുംബാംഗങ്ങളും വിലാപ വസ്ത്രമാവും ധരിക്കുക.