ന്യൂസ് ഡെസ്ക് മലയാളം യുകെ

സാമൂഹിക അകലം പാലിക്കണമെന്ന മാർഗ നിർദേശം ലംഘിച്ച് സെക്രട്ടറിയെ ചുംബിച്ച ആരോഗ്യ സെക്രട്ടറിയുടെ വിവാദ നടപടിയെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും. ജനങ്ങളുടെമേൽ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് സർക്കാരിൻറെ തന്നെ ഭാഗമായ ആരോഗ്യ സെക്രട്ടറി നിയമംലംഘിച്ചതിനുള്ള പ്രതിഷേധം ശക്തമാണ് . തൻറെ സെക്രട്ടറി ഗിന കൊളഡാഞ്ചലോയെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ആരോഗ്യ സെക്രട്ടറി ക്ഷമ ചോദിച്ചിരുന്നു. ടോറി എംപിയായ ഡങ്കൻ ബേക്കർ മാറ്റ് ഹാൻകോക്ക് രാജിവെയ്ക്കണമെന്ന് പരസ്യമായ അഭിപ്രായ പ്രകടനം നടത്തി. പ്രതിപക്ഷ ലേബർ പാർട്ടിയും കോവിഡ്-19 ബ്രേവ്ഡ് ഫാമിലീസ് ഫോർ ജസ്റ്റിസ് ഗ്രൂപ്പും അദ്ദേഹത്തെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാറ്റ് ഹാൻകോക്കിൻെറ ക്ഷമാപണം സ്വീകരിച്ചതായും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ഇന്നലെയാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം  സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തപ്പോൾ മുതൽ സുഹൃത്തായ എം‌എസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻ‌കോക്ക് നിയമിച്ചത് .