സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Leave a Reply