കനയ്യകുമാറിനെ പാർട്ടിയിൽ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ ബിഹാറിലെ സഖ്യകക്ഷിയായ ആർജെഡിയുടെ നിലപാട് അറിയാൻ കോൺഗ്രസ്. ആർജെഡിയുമായി ഇക്കാര്യത്തിൽ ഉടൻ ചർച്ച നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ആർജെഡിയെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകൂവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കനയ്യകുമാർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.