ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ലോക പ്രശസ്തനും, പകർച്ചവ്യാധി രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനുമായ ഡോക്ടർ കപില ഇന്ത്യയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചു. റട്‌ജേഴ്‌സ് ന്യൂജേഴ്‌സി മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം. അതോടൊപ്പംതന്നെ ന്യൂജേഴ്സി ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു ഡോക്ടർ കപില. കൊറോണ പോസിറ്റീവ് ആയതിനുശേഷം ഏകദേശം മൂന്നാഴ്ച കഴിഞ്ഞതിനു ശേഷമാണ് 81 കാരനായ ഇദ്ദേഹം മരണപ്പെട്ടത്. രണ്ട് ഡോസ് ഫൈസർ വാക്സിനും ഡോക്ടർ കപില എടുത്തിരുന്നു. കോവിഡ് സാഹചര്യം വഷളായ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ആണ് അദ്ദേഹം ന്യൂഡൽഹിയിൽ എത്തിയതെന്ന് മുൻ ഭാര്യ ഡോക്ടർ ബീന കപില പറഞ്ഞു.
1964 ൽ യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, പിന്നീട് യുഎസിൽ എത്തി ന്യൂജേഴ്സിയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ന്യൂജേഴ്സി മെഡിക്കൽ സ്കൂൾ, മാർട്ട്ലാൻഡ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം തന്റെ ജീവിതത്തിൽ കാഴ്ചവെച്ചത്. നിരവധി രോഗികൾക്ക് കൈത്താങ്ങ് ആയതോടൊപ്പം, നിരവധി തലമുറകളിലെ മെഡിക്കൽ വിദ്യാർഥികളെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തു. പകർച്ചവ്യാധി രോഗങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന് അദ്ദേഹം ലോക പ്രശസ്തനായിരുന്നു. ഏറ്റവും സങ്കീർണമായ പകർച്ചവ്യാധി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, ചികിത്സിക്കുന്നതിനുമെല്ലാം ലോകമെമ്പാടും അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.
ഡോക്ടർ കപിലയുടെ മരണത്തിൽ വെൽ കോർണിൽ ഇൻഫെക്ഷ്യസ് ഡിസീസസ് ഡിവിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഡോക്ടർ കപില ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപായി രണ്ട് ഡോസ് ഫൈസർ വാക്സിനും എടുത്തിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ദീപ്തി അറിയിച്ചു. ഡയബറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യമേഖലയ്ക്ക് ഒരു വൻ നഷ്ടമാണ് ഡോക്ടർ കപിലയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
Leave a Reply