ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെയ്ജിങ്: സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി ഇറക്കി ചൈന. ശനിയാഴ്ച പുലർച്ചയോടെയാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം. മൂന്ന് മാസത്തോളം ഗ്രഹത്തെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ പ്ലാനിഷ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്. കഴിഞ്ഞ വർഷം ജൂലായ് 23 ന് ദൗത്യം ആരംഭിച്ച ടിയാൻവെൻ 1 പേടകം ഈ വർഷം ഫെബ്രുവരി 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. മൂന്ന് മാസത്തോളം റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ചുറ്റും.

സോളാറിൽ പ്രവർത്തിക്കുന്ന സുറോങ് റോവറിന് 240 കിലോഗ്രാമാണ് ഭാരം. ആറ് ചക്രങ്ങളിൽ സഞ്ചരിക്കുന്ന സുറോങ് ചൊവ്വയിലെ പാറയുടെ സാമ്പിളുകൽ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങൾക്കായി ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കും. ചൈനീസ് പുരാണമനുസരിച്ച് അഗ്നിദേവന്റെ പേരിൽ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നൽകിയത്. ചൈനയുമായുള്ള ഭാവി സഹകരണത്തിന് ഈ വിജയം സഹായകരമാകുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് പറഞ്ഞു. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടം ഇതോടെ ചൈന സ്വന്തമാക്കിക്കഴിഞ്ഞു.

റോവര്‍ വിജയകരമായി ചൊവ്വയിൽ എത്തിച്ച ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ സംഘത്തെ പ്രസിഡൻ്റ് ഷി ജിൻപിങ് അഭിനന്ദിച്ചു. “ഇത് നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പരിവേഷണ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ്. നിങ്ങൾക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ട്. കഠിനമായ പരിശ്രമത്തിലൂടെ ബഹിരാകാശ പര്യവേഷണത്തിൽ ആഗോള തലത്തിൽ നമ്മുടെ രാജ്യത്തെ നിങ്ങൾ എത്തിച്ചു.” ബഹിരാകാശ ഏജൻസിയുടെ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനം അറിയിച്ച് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.