രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.
സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന് ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.
സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്, വി.എന്‍.വാസവന്, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.
Leave a Reply