ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തതായി സൂചന. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.

കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.