സ്വഭാവനടൻ ആയും,സഹതാരമായും, വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സന്തോഷ് ജോഗിയെ നാം ആരും മറക്കാനിടയില്ല. 2010 ഏപ്രിൽ 13-നാണ് ആരോടും പറയാതെ സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞ് പോയത്. തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ആണ് ജോഗിയെ കണ്ടെത്തിയത്. മരണകാരണം ഇപ്പോഴും നിഗൂഢതയിൽ കുരുങ്ങിക്കിടക്കുകയാണ്. ജോജിയുടെ ഈ അകാലമരണം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും, വേട്ടയാടുന്നതും ഭാര്യ ജിജിയെ ആണ്. ഒരു ശരാശരി നടനെന്ന മുദ്രയിൽ ഒതുങ്ങി നിന്ന സന്തോഷിന്റെ സിനിമക്കപ്പുറത്തെ ജീവിതം പിന്നീട് ചർച്ചയായത് അദ്ദേഹത്തിന്റെ പ്രിയതമ ജിജിയുടെ പുസ്തകത്തിലൂടെയാണ്.
ജോഗിയുടെ ആത്മഹത്യക്ക് ശേഷം തന്റെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച് ജിജി എഴുതിയ നിനക്കുള്ള കത്തുകൾ എന്ന പുസ്തകം ചർച്ചയായിരുന്നു.കൂടുതലായും വില്ലൻ വേഷങ്ങളാണ് ജോഗി കൈകാര്യം ചെയ്തിരുന്നത്. അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ,മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലാണ് ജോഗി അഭിനയിച്ചത്. നല്ല കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ജോഗി എന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്.ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സന്തോഷ് ജോഗി.
മുംബൈയിൽ ജോഗിസ് എന്ന മ്യൂസിക് ഗ്രൂപ്പിൽ ഗായകനും ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് ചിത്രലേഖ,കപില എന്നീ രണ്ടു പെൺമക്കൾ ആണുള്ളത്. സന്തോഷ് ജോഗിയുടെയും, ജിജിയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും, ഹൃദയങ്ങൾ തമ്മിൽ കൈമാറിയതും. 16 വയസ്സു മാത്രമായിരുന്നു ജിജിക്ക് അന്ന് പ്രായം. ഒരുപോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ആണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത്. സംഗീതവും വായനയും എഴുത്തും ആയിരുന്നു ഇവരുടെ ജീവിതത്തിലെ വിവാഹമെന്ന പരിപാവന ബന്ധത്തിലെ നെടും തൂണുകൾ. 2001ലാണ് മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം.
വിവാഹത്തിന് ശേഷം സന്തോഷ് ജോഗി എന്ന കലാകാരനെ കാത്തിരുന്നത് ജീവിതത്തിലെ നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും ആയിരുന്നു . എന്നാൽ അതിനൊക്കെ കൂടെ താങ്ങായി തണലായി നിന്നത് ജിജി ആണ്.അദ്ദേഹത്തിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഭാര്യ ജിജിയെ തെല്ലലട്ടിയിട്ടില്ല. ജിജിക്ക് ഇതിലൊന്നും യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. സന്തോഷിന്റെ ആഗ്രഹങ്ങൾ തന്റെയും ആഗ്രഹം ആക്കി മാറ്റുകയായിരുന്നു ജിജി എന്ന പെൺകുട്ടി. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം എന്ന സ്വപ്നത്തിന് ചിറകു നൽകാൻ ജിജി സമ്മാനിച്ചത് ആവട്ടെ, തന്റെ വീടിന്റെ പ്രമാണം ആയിരുന്നു. എന്നാൽ സന്തോഷിന്റെ സ്വപ്നം ചിറകറ്റ് വീണപ്പോൾ അവിടെ നഷ്ടമായത് ജിജിയുടെ കൂരയായിരുന്നു.
ഷോർട്ട് ഫിലിം എടുക്കാൻ സാധിക്കാതെ വന്നപ്പോൾ ലോൺ പെരുകി വീട് എന്നന്നേക്കുമായി നഷ്ടമാവുകയായിരുന്നു. കടബാധ്യതകൾ പെരുകിയത് ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണകാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സന്തോഷിന്റെ മരണശേഷം വീടു വിറ്റ് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്തശേഷം, സന്തോഷിന്റെ മാതാപിതാക്കളെയും, രണ്ടു പെൺകുട്ടികളോടും ഒപ്പം ആ വീട് വിട്ടു ഇറങ്ങുകയായിരുന്നു. സന്തോഷിന്റെ മരണം 25 വയസ്സുകാരിയായ ജിജിക്ക് സമ്മാനിച്ചത് വിധവാ എന്ന പദവി ആയിരുന്നു. എന്നാൽ തന്റെ പ്രിയതമന്റെ ഓർമ്മകൾ ഒന്നുംതന്നെ കൈവിടാതെ, അതൊക്കെ തന്റെ തൂലികത്തുമ്പിൽ പപ്പു എന്ന വസന്തം തീർത്തു.
പപ്പു എന്നായിരുന്നു ജിജി സന്തോഷിനെ വിളിച്ചിരുന്നത്.മരണശേഷം ഓരോ പടവുകൾ പയ്യെ പയ്യെ പടുത്തുയർത്തുകയായിരുന്നു ഈ 25 കാരി.എഴുത്തുകാരി, പ്രസാധക, ഡബ്ബിങ് ആർട്ടിസ്റ്റ്,ഗായിക, നടി, മോട്ടിവേഷൻ സ്പീക്കർ, കൗൺസിലർ, ട്രെയിനർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുകയാണ് ജിജി ജോഗി എന്ന തളർച്ചകളിൽ പതറാത്ത ഉൾക്കരുത്തിന്റെ പെണ്മ. ഇപ്പോൾ സാപ്പിയൻ ലിറ്ററെച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും,സ്വാസ്ഥ്യ എന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റരിന്റെയും ചുമതല വഹിക്കുന്ന സ്ത്രീ കൂടിയാണ് ജിജി.
Leave a Reply