ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 – ത്തിന് മുകളിലായി. ഇന്നലെ മാത്രം 4182 പേർക്കാണ് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ വേരിയന്റ് അതിവേഗം വ്യാപിക്കുന്നതാണ് ബ്രിട്ടനിൽ രോഗവ്യാപനം കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പുതിയ കേസുകളിൽ 75 ശതമാനവും ഇന്ത്യൻ വേരിയന്റ് മൂലമാണെന്നത് ആശങ്ക ഉയർത്തുന്നതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 21- ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ വർധിച്ചുവരുന്ന രോഗവ്യാപനതോത് കാരണമാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. ബറി, ബർൺലി എന്നിവയുൾപ്പെടെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ കൂടുതൽ നഗരങ്ങളിൽ ജൂൺ ആദ്യ ആഴ്ചകളിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രോഗവ്യാപനം ഉയരാനുള്ള സാധ്യത സർക്കാർ മുന്നിൽ കണ്ടിരുന്നുവെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞിരുന്നു. ജനങ്ങളിൽ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞതിനാൽ എൻഎച്ച്എസി – ന് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. പുതിയ വൈറസ് വകഭേദങ്ങൾ പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. നിയന്ത്രണം പിൻവലിക്കുന്നത് രണ്ട് മാസമെങ്കിലും വൈകിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് ഇന്ത്യൻ വേരിയന്റിന് 33% മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ കെന്റ് വേരിയന്റിന് ഇത് 50 ശതമാനമായിരുന്നു.