ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ സൈക്കിൾ ലെയ് നുകളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കുവാൻ ലോക്കൽ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകി പുതിയ ബിൽ. സൈക്കിൾ ലെയ് നുകളിൽ അനധികൃതമായി കാറുകളും മറ്റും പാർക്ക് ചെയ്യുന്നവരെ സിസിടിവി യിലൂടെ കണ്ടെത്തി ഇവർക്ക് തക്കതായ പിഴ ഈടാക്കാൻ ഉള്ള അധികാരവും മറ്റും ലോക്കൽ കൗൺസിലർക്ക് നൽകുന്നതാണ് ഈ ബില്ല്. സൈക്കിൾ ലെയ് നുകളിൽ പാർക്ക് ചെയ്യുന്ന കാറുകൾ സൈക്കിൾ യാത്രക്കാർക്ക് വളരെയധികം അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇനിമുതൽ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഉള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കു ലഭിച്ചിരിക്കുകയാണ്. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള ട്രാൻസ്പോർട്ട് സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സൈക്ലിങ് മിനിസ്റ്റർ ക്രിസ് ഹിട്ടൻ ഹാരിസ് ആണ് ഈ പ്രധാനപ്പെട്ട പ്രസ്താവനകൾ എല്ലാം തന്നെ പുറപ്പെടുവിച്ചത്.
ഈയിടെയായി സൈക്കിളുകളും മറ്റും ഉപയോഗിക്കുന്നവരുടെയും, കാൽനടയാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള യാത്രക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആരോഗ്യപ്രദമായ, പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള യാത്രാ സംവിധാനങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ട്രാൻസ്പോർട്ട് സെക്രട്ടറി 2 ബില്യൺ പൗണ്ടിന്റെ പാക്കേജ് ആണ് ഇത്തരത്തിലുള്ള യാത്രക്കാർക്കായി അനുവദിച്ചത്. സൈക്കിൾ ലെയ്‌നുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ തുക ചിലവാകും.
Leave a Reply