ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 800,000 പൗണ്ടോളം തുക ആരോഗ്യ സർവീസിനെ കബളിപ്പിച്ച് സ്വന്തമാക്കിയ കേസിൽ മുൻ എൻഎച്ച്എസ് ഐ ടി മാനേജർ ജയിലിലായി. അമ്പത്തിമൂന്നുകാരനായ ബാരി സ്റ്റാന്നർഡ് ആണ് ജയിലിൽ ആയിരിക്കുന്നത്. 2012 മുതൽ 2019 വരെ ഇദ്ദേഹം ജോലി ചെയ്തിരുന്ന സമയത്ത് , മിഡ് എസ്സെക്സ് ഹോസ്പിറ്റൽ ട്രസ്റ്റിന് രണ്ട് കമ്പനികളിൽ നിന്നായി നിരവധി കൃത്രിമമായ ഇൻ വോയിസുകൾ ഇദ്ദേഹം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. 7500 പൗണ്ട് തുക വരെ അനുവദിക്കാനുള്ള അംഗീകാരം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം അയച്ച ഇൻ വോയിസുകൾ എല്ലാം തന്നെ ഈ തുകയിൽ താഴെ ആയിരുന്നതിനാൽ, കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. അഞ്ചുവർഷവും നാല് മാസവുമാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. കൃത്രിമമായ ഇൻ വോയിസുകൾ അയച്ചതോടൊപ്പം തന്നെ, വാറ്റ് രജിസ്റ്റേഡ് അല്ലാത്ത കമ്പനികൾക്ക് വേണ്ടി അദ്ദേഹം എൻഎച്ച് എസിൽ നിന്ന് വാറ്റ് തുക ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

എൻ എച്ച് എസിനു വേണ്ടി സാധനങ്ങൾ നൽകിവന്നിരുന്നവയാണ് ഈ കമ്പനികൾ. ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ അയച്ചു എന്ന രീതിയിൽ,പല ഇമെയിലുകളും ബാരി തന്റെ സഹപ്രവർത്തകർക്ക് ഫോർവേഡ് ചെയ്തിരുന്നു. എന്നാൽ ഇവരെല്ലാം ആ കമ്പനികളിൽ തന്നെ ആണ് ജോലി ചെയ്യുന്നത് എന്നതിന് ഒരു തെളിവുകളും ഉണ്ടായിട്ടില്ല. ഈ കമ്പനികൾ തന്നെ തിരഞ്ഞെടുക്കുവാൻ തന്റെ സഹപ്രവർത്തകരെ ബാരി നിർബന്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. 132000 പൗണ്ടോളം തുകയാണ് അനധികൃതമായി വാറ്റ് ഇനത്തിൽ ഇദ്ദേഹം കബളിപ്പിച്ചെടുത്തതെന്ന് കോടതി വിലയിരുത്തി.

ബാരി തന്നെയാണ് ഈ രണ്ട് കമ്പനികളുടെയും ഡയറക്ടർ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ജനങ്ങളുടെ പണമാണ് ബാരി തട്ടിപ്പിലൂടെ നേടിയതെന്നും, ഇത് വളരെ വേദനാജനകമാണെന്നും കോടതി വിലയിരുത്തി.
	
		

      
      



              
              
              




            
Leave a Reply